റാന്നി - : നാറാണംമൂഴി പഞ്ചായത്തിലെ കുടമുരുട്ടി -പെരുന്തേനരുവി മേഖലയിൽ തുടരെ കാട്ടാന ശല്യം. കഴിഞ്ഞ രാത്രിയിൽ കാട്ടാന ഇറങ്ങി പെരുന്തേനരുവി പവർ ഹൗസിന് സമീപം കനാലിനോട് ചേർന്നുള്ള സുരക്ഷാ വേലികൾ നശിപ്പിച്ചു. വൈദ്യുതി ഉൽപ്പാദിപ്പിക്കാനായി ജലം കൊണ്ടുപോകുന്ന കനാലിലിലേക്ക് ആളുകൾ വീഴാതിരിക്കാൻ സ്ഥാപിച്ചിരുന്ന സുരക്ഷാ വേലിയാണ് കാട്ടാന തകർത്തത്. പെരുന്തേനരുവിക്ക് പുറമെ കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ മേഖലയിലും കാട്ടാനയുടെ ആക്രമണം ഏറി വരികയാണ്. ദിവസങ്ങൾക്ക് മുമ്പ്കാട്ടാന കുടമുരുട്ടി ജംഗ്ഷന് സമീപം എത്തിയിരുന്നു. കൂടാതെ കൊച്ചുകുളം അംബേദ്‌കർ റോഡിലും കാട്ടാന എത്തിയിരുന്നു. മേഖലയിൽ സന്ധ്യ കഴിഞ്ഞാൽ വീടിനു പുറത്തുപോലും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണെന്നാണ് നാട്ടകാർ പറയുന്നത്. വനം വകുപ്പ് അധികൃതർ ഇടപെട്ട് സ്ഥിരമായി ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഴ, തെങ്ങ്, പ്ലാവ് ഉൾപ്പടെ മുഴുവൻ കൃഷിയും കാട്ടാന നശിപ്പിക്കുമ്പോൾ കാട്ടുപന്നി ഉൾപ്പടെയുള്ള മറ്റു വന്യ മൃഗങ്ങളുടെ ആക്രമണവും ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. പ്രദേശത്തു യാതൊരു കൃഷിയും ചെയ്തു ജീവിക്കാൻ വന്യ ജീവികൾ സമ്മതിക്കില്ലെന്ന് അവസ്ഥയിൽ പലരും മറ്റു നാടുകളിലേക്ക് ചേക്കേറുകയാണ്.
|
Authorനാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ് ഉപയോഗിക്കുക |