Perunthenaruvi Waterfallsപുണ്യനദിയായി അറിയപ്പെടുന്ന പമ്പയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടവും വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രവും ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ പ്രധാന സ്ഥാനവും പെരുന്തേനരുവിയ്ക്കാണ്. കാഴ്ചക്കാരന്റെ മനംകുളിര്‍പ്പിച്ച് കാട്ടുകല്ലിലും ആറ്റുവഞ്ചി വേരുകളിലും തട്ടിച്ചിതറിയൊഴുകുന്ന പെരുന്തേനരുവി നയനമനോഹരവും അതേപോലെ അപകടകാരിയുമാണ്. കണ്ണാടിപോലെ മിനുസമാര്‍ന്ന പാറക്കെട്ടുകളില്‍ നിന്ന് അരുവിയുടെ ഭംഗി ആസ്വദിക്കുമ്പോള്‍ അറിയാതെ ഒന്നു കാലിടറിയാല്‍ ആര്‍ത്തൊഴുകുന്ന അരുവിയുടെ കാണാച്ചുഴികള്‍ ആളുകളെ കവര്‍ന്നെടുക്കും. വേനല്‍ക്കാലത്ത് വെള്ളം കുറഞ്ഞ് വെള്ളിവരപോലെ ദൃശ്യമാകുന്ന പെരുന്തേനരുവി മഴക്കാലമായാല്‍ ഹുങ്കാര ശബ്ദത്തോടെ അലറിപ്പായും.
ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ് പെരുന്തേനരുവിയില്‍ വിനോദസഞ്ചാരികള്‍ കൂടുതലായും എത്തുന്നത്. വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ വിനോദസഞ്ചാരവകുപ്പ് പെരുന്തേനരുവിയില്‍ ടൂറിസ്റ്റ് കോട്ടേജുകളും അമിനിറ്റി സെന്ററുമുള്‍പ്പെടെ വിപുലമായ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. വനപ്രദേശമായ പെരുന്തേനരുവിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടെ പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടമാകുമെന്നും പ്രകൃതി കൂടുതല്‍ മലിനപ്പെടുമെന്നും പരിസ്ഥിതിസ്‌നേഹികള്‍ ആശങ്കപ്പെടുന്നു. പെരുന്തേനരുവിയില്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്
Panankudanth Aruvi
|
|