റാന്നി: ഉന്നത്താനി - കൊച്ചുകുളം റോഡിൽ കൂറ്റൻ മരം ഉണങ്ങി നിൽക്കുന്നത് വഴിയാത്രക്കാർക്ക് ഭീഷണിയുണ്ടാക്കുന്നു. കൊടിത്തോപ്പിലാണ് കൂറ്റൻ കടമരം മാസങ്ങളായി ഉണങ്ങി നിൽക്കുന്നത്. കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്ന മരത്തിന്റെ ചില്ല കഴിഞ്ഞ ദിവസം മഴയിൽ റോഡിലേക്ക് ഒടിഞ്ഞുവീണു. സംരക്ഷിത വനമേഖലയിൽ നിൽക്കുന്ന മരം വനം വകുപ്പിന്റെ അധീനതയിലാണ്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ കടന്നുപോയതിനു തൊട്ട് പിന്നാലെയാണ് മറച്ചില്ല ഒടിഞ്ഞു റോഡിലേക്ക് വീണത്. അഞ്ചിലധികം സ്കൂൾ ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന പ്രധാന പാതയിലാണ് ഈ അപകടക്കെണി. വനം വകുപ്പ് അധികൃതർ ഇടപെട്ട് അപകട ഭീഷണിയായി നിൽക്കുന്ന ഇത്തരം മരങ്ങൾ മുറിച്ചു മാറ്റി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.