അത്തിക്കയം : ലഡാക്കിലേക്കുള്ള സ്വപ്ന യാത്രയിലാണ് ദീപാമോഹൻ. ബൈക്കിൽ വീട്ടിൽ നിന്ന് തുടങ്ങിയ യാത്ര കഴിഞ്ഞ ദിവസം ഹരിയാന വരെയെത്തി. റാന്നി അത്തിക്കയം കാഞ്ഞിരംനിൽക്കുന്നതിൽ മോഹനന്റെ ഭാര്യ ദീപാ മോഹന് (42) ഡ്രൈവിംഗാണ് ലഹരി. കാർ ഡ്രൈവറായും ഡ്രൈവിംഗ് പരിശീലകയായും ജോലി ചെയ്ത ദീപയുടെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു ലഡാക്കിലേക്കുള്ള ബൈക്ക് യാത്ര. ജൂലായ് 23 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട യാത്രാ സംഘത്തിൽ 24 പേരുണ്ട്. ദീപ ഉൾപ്പെടെ മൂന്നു സ്ത്രീകൾ പങ്കെടുക്കുന്നുണ്ട്. അവരിൽ സ്വന്തം വാഹനം തന്റെ വീട്ടിൽ നിന്നോടിച്ച് ലഡാക്ക് വരെ യാത്ര ചെയ്യുന്നത് ദീപ മാത്രമാണ്. ബാക്കിയുള്ളവർ ബൈക്കിലും കാറിലുമായി യാത്രചെയ്യുന്നു. മകന്റെ പഠനവുമായി ബന്ധപ്പെട്ട് സ്വന്തം വീടായ കോട്ടയം കുറുപ്പുന്തറയിലാണ് ഇപ്പോൾ ദീപ താമസിക്കുന്നത്. ഡ്രൈവിംഗ് തൊഴിലായും സ്വീകരിച്ചിരുന്ന ദീപ മുൻ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാസുഭാഷിന്റെ ഡ്രൈവറായി ഒന്നര വർഷം ജോലിചെയ്തിട്ടുണ്ട്. ലതികാസുഭാഷിനൊപ്പം കേരളം മുഴുവൻ വിവിധ പരിപാടികൾക്കായി യാത്ര ചെയ്തിട്ടുള്ള ദീപ ലഡാക്ക് സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ ആഹ്ളാദത്തിലാണ്. യാത്രയെ സ്നേഹിക്കുന്ന മകൻ ദീപക്കിനെയും ഒപ്പം കൂട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരാൾക്ക് ഒരു ലക്ഷം രൂപയോളം ചെലവ് വരുന്നതിനാൽ വേണ്ടെന്നു വയ്ക്കുകയായിരുന്നു. 25 മുതൽ 30 ദിവസം വരെ വേണം ലഡാക്കിലെത്താൻ. ബജാജിന്റെ 400 സി സി ഡോമിനാർ ബൈക്കിലാണ് യാത്ര.
|
Authorനാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജിലെ പ്രാദേശിക വാർത്തകൾ അറിയുന്നതിനായി ഈ പേജ് ഉപയോഗിക്കുക |